എറണാകുളം: ഉണ്ണി മുകുന്ദെനതിരായ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ഷെയിൻ നിഗം. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഷെയിൻ നിഗത്തിന്റെ ഏറ്റുപറച്ചിൽ. ഉണ്ണി മുകുന്ദൻ മഹിമാ നമ്പ്യർ കോമ്പോയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നടന്റെ വാക്കുകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് താരത്തെ വിമർശിച്ച് രംഗത്ത് വന്നത്. ഒരേ ഇൻഡസ്ട്രിയിലെ ഒരു വ്യക്തിയോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് പലരും വിമർശിച്ചു.
എന്നാൽ, സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരസ്യമായ ഒരു മാപ്പ് പറച്ചിലുമായി താരം എത്തിയിരിക്കുന്നത്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ ബാബുരാജ് നടി മഹിമ നമ്പ്യാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു.
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പലതവണ വിവാദത്തിൽ പെട്ടിട്ടുള്ള താരമാണ് ഷെയിൻ നിഗം. 2019 ൽ വെയിൽ എന്ന, ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഷെയിൻ മുടി മുറിച്ചത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു. സംഭവത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയതോടെ സംവിധായകനും നിർമാതാവും താരത്തിനെതിരെ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ നിർമാതാവ് ജോബിയുടെ പരാതിയെ തുടർന്ന് ഷെയിൻ നിഗത്തിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നതാണ്.
2023 ൽ ആർ.ഡി.എക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എഡിറ്റിംഗ് കാണണമെന്ന് വാശി പിടിക്കുക, ഷൂട്ടിംഗിന് കൃത്യമായി എത്തുന്നില്ല എന്നിങ്ങനെയുള്ള നിരവധി പരാതികൾ ഷെയിനിനെതിരെ ഉയർന്നിരുന്നു. ഇതോടെ, 2023ൽ ഷെയിൻ നിഗത്തിന് വീണ്ടും നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾ സംയുക്തമായി ചേർന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്.
Discussion about this post