തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷത്തിന് ഉണ്ടായത് കനത്ത തിരിച്ചടിയെന്ന് സിപിഎം നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിൽ ഇക്കുറി പോളിംഗ് ശതമാനം കുറവായിരുന്നു. ഇത് പാർട്ടിയ്ക്ക് തിരിച്ചടിയായി എന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
2019 ലെ സമാന അവസ്ഥയിലാണ് സിപിഐ ഇപ്പോഴുമുള്ളത്. മണ്ഡലത്തിൽ രാഷ്ട്രീയവോട്ടുകൾ എല്ലാം തന്നെ തനിക്ക് ലഭിച്ചൂ. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയായി. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താൻ ഒരു അവകാശ വാദവും നടത്തിയിട്ടില്ല. നിലവിൽ മണ്ഡലത്തിൽ നേരിട്ട തോൽവിയെക്കുറിച്ച് പാർട്ടി പരിശോധിക്കും. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിൽ കനത്ത തിരിച്ചടി ആയിരുന്നു പന്ന്യൻ രവീന്ദ്രന് ഉണ്ടായത്. ഒരിക്കൽ പോലും ലീഡ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്ത് തുടരുകയായിരുന്നു.












