തൃശ്ശൂർ ; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ വെകാരിക പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ഇനി ഒരു മത്സരത്തിനില്ല . പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെന്ന് കെ മുരളീധരൻ പറഞ്ഞു. ഇതൊരു അപ്രതീക്ഷിത തോൽവിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടകരിയിൽ നിന്നാൽ താൻ ജയിക്കുമായിരുന്നുവെന്ന് പറഞ്ഞ കെ മുരളീധരൻ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. കുരുതിയ്ക്ക് താൻ നിന്ന് കൊടുക്കാൻ പാടില്ലായിരുന്നു. തനിക്കായി ആരും തൃശൂരിൽ എത്തിയില്ല. വിഎസ് സുനിൽ കുമാറിനായി പിണറായി വിജയനടക്കം പ്രചാരണത്തിനെത്തി,സുരേഷ് ഗോപിക്കായി പ്രധാനമന്ത്രിയും പ്രചാരണത്തിനായി എത്തി. എന്നാൽ തനിക്കായി ആരും മണ്ഡലത്തിൽ എത്തിയില്ലെന്ന സങ്കടമാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
തൃശൂരിൽ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് സുരേഷ് ഗോപി വിജയിച്ചുകയറിയ മണ്ഡലത്തിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. കോൺഗ്രസ് പാളയത്തെ പോലും ഈ തോൽവി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
വടകരയിൽ സിറ്റിംഗ് എംപിയായിരുന്ന കെ മുരളീധരനെ പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ തൃശൂരിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സർജിക്കൽ സ്ട്രൈക്കായി കെ മുരളീധരനെ ഇറക്കിയെങ്കിലും സ്റ്റാർ സ്ട്രൈക്കറെ തന്നെ ഇറക്കിയുള്ള ബിജെപിയുടെ നീക്കത്തിൽ കോൺഗ്രസിന് കണക്കുകൂട്ടലുകൾ തെറ്റി.
വമ്പിച്ച ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി ശക്തന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. 75,079 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ നേടിയത്. 412338 വോട്ടുകളാണ് ആകെ നേടിയത്. 334160 വോട്ടുകളാണ് ഇടത് സ്ഥാനാർത്ഥി സുനിൽ കുമാർ നേടിയത്.328124 വോട്ടുകൾ മാത്രമാണ് കെ മുരളീധരൻ നേടിയത്.
Discussion about this post