തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം കൊയ്ത് കേരളത്തിൽ ബിജെപിയ്ക്കായി ആദ്യമായി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയ്ക്ക് മംഗളങ്ങൾ നേർന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ‘നാടിന്റെ അഭിമാനമായി ബിജെപിയുടെ കാവലാളായ പ്രിയപ്പെട്ട സുരേഷ് ഗോപിയ്ക്ക് സർവമംഗളങ്ങൾ’ എന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൽ ഇനി താമരക്കാലം എന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ചരിത്ര വിജയമാണ് സുരേഷ് ഗോപി തൃശൂരിൽ കാഴ്ച്ച വച്ചത്. എതിർസ്ഥാനാർത്ഥികൾക്കെതിരെ വമ്പിച്ച ഭൂരിപക്ഷം നേടിയണ് സുരേഷ് ഗോപിയുടെ വിജയം. 75079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു സുരേഷ് ഗോപി വിജയമുറപ്പിച്ചത്. 409239 വോട്ടുകളാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. ഇടത് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാറിന് ആണ് രണ്ടാം സ്ഥാനം. 334160 വോട്ടുകളാണ് സുനിൽ കുമാറിന് ലഭിച്ചത്. ഇക്കുറി മണ്ഡലത്തിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. സിറ്റിംഗ് സീറ്റ് കൈവിട്ടു. ഇതിന് പുറമേ മുതിർന്ന നേതാവായ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച തരത്തിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രകടനം. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിന് ആയിരുന്നു മേൽക്കൈ. എന്നാൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ ഫലം മാറി മറിയുകയായിരുന്നു.
ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ സുരേഷ് ഗോപി ആയിരുന്നു ലീഡ് ചെയ്തിരുന്നത്. പിന്നീടുള്ള മണിക്കൂറുകളിൽ ഒരിക്കൽ പോലും ലീഡ് നില കുറഞ്ഞില്ല. മാത്രവുമല്ല ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.
Discussion about this post