ഷിംല: മണ്ഡിയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിക്രമാദിത്യയ്ക്ക് ചുട്ട മറുപടി നൽകി ബിജെപി നേതാവ് കങ്കണാ റണാവത്. താൻ സ്വന്തം ജന്മനാട്ടിൽ തന്നെ തുടരും. ഈ ഘട്ടത്തിൽ ബാഗുമായി പോകേണ്ടത് മറ്റ് ചിലരാണെന്നും കങ്കണ പറഞ്ഞു.
തന്നോട് ബാഗ് പാക്ക് ചെയ്ത് വയ്ക്കണമെന്ന തരത്തിൽ പരാമർശം നടത്തിയവർ തന്നെ പരിണിത ഫലം അനുഭവിക്കേണ്ട അവസ്ഥയാണ് ഉള്ളത്. മണ്ഡിയിൽ ഭാരതീയ ജനതാ പാർട്ടിയുണ്ടാക്കിയ മുന്നേറ്റം ഏറെ നിർണായകം ആണ്. മുംബൈയിൽ നിന്നും ഇവിടേയ്ക്ക് വന്നത് ഒരുപാട് ആശങ്കകളുമായിട്ടായിരുന്നു. ഇനി മുതൽ ഇവിടുത്തെ ജനങ്ങളെ സേവിക്കുന്നത് തുടരും. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനായി പ്രധാനമന്ത്രിയുടെ സേനയ്‌ക്കൊപ്പം താനും പ്രവർത്തിക്കും. ജന്മനാട് വിട്ട് താൻ എങ്ങോട്ടും പോകില്ല. ഇവിടെ തന്നെ തുടരും. മറ്റാരെങ്കിലും ബാഗ് പാക്ക് ചെയ്ത് പോകുകയാണ് നല്ലത് എന്നും കങ്കണ വ്യക്തമാക്കി.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കങ്കണ ഇൻസ്റ്റഗ്രാമിലും പ്രതികരണവുമായി രംഗത്ത് എത്തി. തന്റെ വിജയം അമ്മയുടെ അനുഗ്രഹം ആണെന്നായിരുന്നു കങ്കണ പറഞ്ഞത്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും കങ്കണ പങ്കുവച്ചിരുന്നു.
Discussion about this post