തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച വിജയം ഇടത് മുന്നണിയ്ക്ക് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്തക്കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനങ്ങളുടെ വിധി ആഴത്തിൽ പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. 2019 ൽ ഉണ്ടായ അതേ സാഹചര്യം ആണ് ഇക്കുറിയും ഉണ്ടായത്. സ്വാധീനം ശക്തിപ്പെടുത്താൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. സർക്കാരിനെതിരെ കുപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിരോധിക്കും. ജനങ്ങൾക്കുള്ള തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും പിണറായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
തൃശ്ശൂർ മണ്ഡലത്തിലെ ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണുന്നു. ബിജെപിയുടെ ജയത്തെ വിമർശനാത്മകമായി വിലയിരുത്തണം. മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നി സമർപ്പണ ബോധത്തോടെ ഇടത് പക്ഷം മുന്നോട്ട് പോകും. നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കായുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. എൽഡിഎഫിനൊപ്പം നിന്ന എല്ലാവരോടും നന്ദിയെന്നും പിണറായി പറഞ്ഞു.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ഉണ്ടായത്. ജനങ്ങൾ ബിജെപിയുടെ പ്രചാരണങ്ങൾ തള്ളി. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. സുരക്ഷിതമായി മുന്നോട്ട് പോകാം എന്ന വ്യാമോഹം ആണ് ജനങ്ങൾ തകർത്തത് എന്നും പിണറായി വ്യക്തമാക്കി.
Discussion about this post