പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന് മുന്നറിയിപ്പുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും ഗതി കേരളത്തിലെ എൽഡിഎഫിനും ഉണ്ടാകുമെന്ന് മാർ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയുണ്ടായ പരാജയത്തിന് പിന്നിൽ ഭരണവിരുദ്ധ വികാരം ആണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എത്രയൊക്കെ സിപിഎം ഇത് നിഷേധിക്കാൻ ശ്രമിച്ചാലും അത് യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പൊലിസ് നയങ്ങൾ, മാദ്ധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങളാണ് എൽഡിഎഫിന്റെ തോൽവിയ്ക്ക് നിദാനം ആയത് എന്നും അദ്ദേഹം വ്യക്തമാക്കി.
എതിർപാർട്ടികളെക്കുറിച്ച് എൽഡിഎഫ് നടത്തിയ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, SFI യുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണ്. ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും ‘ടാർഗറ്റ് ‘ ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാര തകർച്ച മറ്റൊരു പ്രധാന കാരണമാണ്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത് ‘ തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല.
Discussion about this post