തിരുവനന്തപുരം: പുതിയ അക്കാദമിക് കലണ്ടർ പുറത്തിറക്കി സർക്കാർ. അദ്ധ്യാപക സംഘടനകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പുതിയ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അദ്ധ്യാപക സംഘടനകളുടെ പരാതി.
സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഈ അധ്യയന വർഷം പ്രവൃത്തിദിനങ്ങൾ 220 ആക്കി. കഴിഞ്ഞ വർഷം 204 പ്രവൃത്തി ദിനമായിരുന്നു.
ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് പ്രവൃത്തി ദിനങ്ങൾ 220 ആക്കിയത്. പുതിയ കലണ്ടർ അനുസരിച്ച് ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും. ഇതിൽ 16 എണ്ണം തുടർച്ചയായ ആറു പ്രവൃത്തിദിനം വരുന്ന ആഴ്ചകളിലാണ്.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വർഷം 220 പ്രവൃത്തിദിനങ്ങളാണ് വേണ്ടത്. പ്രത്യേക സാഹചര്യത്തിൽ ഇതിൽ 20 ദിവസം വരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇളവു നൽകാം. കഴിഞ്ഞതിനു മുമ്പത്തെ വർഷം വരെ എല്ലാ ക്ലാസിലും 195 പ്രവൃത്തിദിനങ്ങളായിരുന്നു.
അതേസമയം കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.
Discussion about this post