തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ച് നേതൃത്വം. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസിന്റെ പേര് പുറത്തുവിട്ടത്. ഹാരിസിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഉച്ചയോടെയായിരുന്നു ഹാരിസിന്റെ പേര് പുറത്തുവിട്ടത്. തിരുവനന്തപുരത്ത് സംസ്ഥാന നേതൃത്വം യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം. സുപ്രീംകോടതി അഭിഭാഷകനാണ് ഹാരിസ്. തിങ്കളാഴ്ച വൈകീട്ടോടെ തന്നെ ഹാരിസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥികളായി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. എന്നാൽ സാദിഖലി തങ്ങൾ ഹാരിസ് ബീരാന്റെ പേരിൽ ഉറച്ചു നിൽക്കുകയായിരുന്നു.
Discussion about this post