ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദി സർക്കാരിന്റെ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
മോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും താൻ രാജിവയ്ക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ച് മോദി മന്ത്രിസഭയിൽ അംഗമാകാൻ കഴിയുക എന്നത് തന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. അതുകൊണ്ട് തന്നെ രാജിവയ്ക്കില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വികസിതവും അഭിവൃദ്ധിപ്രാപിച്ചതുമായുള്ള കേരളത്തെ കെട്ടിപ്പടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ചയായിരുന്നു സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി എന്ന നിലയിൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. ഇതിന് പിന്നാലെ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്നും അതിനാൽ മന്ത്രിസ്ഥാനം രാജി വയ്ക്കാൻ പോകുന്നു എന്ന തരത്തിലും വാർത്ത പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിലവിൽ രണ്ടിലധികം സിനിമകൾ ചെയ്ത് തീർക്കാനുണ്ട്. അതിനാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
Discussion about this post