കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു.
‘കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ഏറെ ദുഃഖകരമാണ്. അപകടത്തിൽ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു’ എന്ന് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
അതേസമയം ആകെ മരിച്ച 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു എന്നി ഏഴു മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ഇതിനിടെ രക്ഷാപ്രവർത്തനം ഉൾപ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് ഇന്ന് രാവിലെ കുവൈത്തിലേക്ക് തിരിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക.
Discussion about this post