കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച് ദിവസം മുൻപാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ രണ്ടുമണിവരെ ബിനോയ് ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.
തീപിടിത്തത്തിന് പിന്നാലെ കെട്ടിടത്തിലുണ്ടായിരുന്ന ബിനോയ് തോമസിനെ കാണാനില്ലായിരുന്നു. ഫ്‌ളാറ്റിന്റെ ആറാമത്തെ നിലയിലായിരുന്നു ബിനോയി താമസിച്ചിരുന്നത്. അപകടശേഷം യുവാവിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ നോർക്കെയ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് മരണവാർത്ത സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനായിരുന്നു യാത്ര. വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ഈ അടുത്താണ് സ്വന്തമായി ഷെഡ് നിർമ്മിച്ച് അതിലേക്ക് മാറിയത്.
തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നോർക്ക പുറത്തുവിട്ടു. 49 പേർ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. ഇതിൽ 24 പേരും മലയാളികൾ ആണെന്ന് നോർക്ക സിഇഒ അറിയിച്ചു. കണ്ണൂർ, തിരൂർ, പെരിന്തൽമണ്ണ, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചത്.
Discussion about this post