ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം. ഇപ്പോൾ സോഷ്യൽ മീഡിയിൽ മുഴങ്ങികേൾക്കുന്ന വെല്ലുവിളിയാണിത്. …. ഇടതുപക്ഷത്തിൻ്റെ എല്ലാമെല്ലാമായ പോരാളിഷാജിയെ ഇത്ര ധെെര്യത്തോടെ വെല്ലുവിളിക്കാൻ ധെെര്യം കാണിച്ചത് മറ്റാരുമല്ല. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനാണ്. സഖാവ് ഇത്രയേറെ രോഷാകുലനാവാൻ കാരണമെന്താവാം.. ചെല്ലും ചെലവും കൊടുത്ത് വളർത്തിയ ഷാജിഅണ്ണൻ്റെ ഫാൻസ് ഇനി ഇതെങ്ങനെ സഹിക്കും?
ഇടതുപക്ഷത്തിന് വേണ്ടി വാതോരാതെ പോരാടി സർവ്വത്ര ശത്രുക്കളെ സമ്പാദിച്ച ഒരു എഫ്ബി പ്രൊഫൈലാണ് പോരാളി ഷാജി. പേര് പോലെ തന്നെ സൈബർ ഇടത്തെ ഇടത് പോരാളി. ഇടതിനെതിരെ ശബ്ദമുയർത്തുന്നവരെ കേട്ടാലറയ്ക്കുന്ന തെറിവിളി പോലും നടത്താൻ മടികാണിക്കാതിരുന്ന, പാർട്ടി ഇനി കൊലപാതകം വരെ ചെയ്താൽ പോലും അതിനെ ന്യായീകരിക്കുന്ന അസൽ അടിമ പ്രൊഫൈൽ.
ഇന്ത്യയിൽ ഇടതിന്റെ നിലപരുങ്ങലിലാണെങ്കിലും ഇടതുപക്ഷത്തിനെ പോലെ സോഷ്യൽമീഡിയയിൽ ഇത്രയേറെ സ്വാധീനവും സാന്നിദ്ധ്യവുമുള്ള പാർട്ടിയുണ്ടോ എന്ന് സംശയമാണ്. അത്രയേറെയുണ്ട് പാർട്ടി വളർത്തിയതും സ്വയം വളർന്നതുമായ സൈബർ പോരാളികൾ. പാർട്ടിയോ നേതാക്കളോ എന്തെങ്കിലും വിവാദത്തിൽപ്പെടുമ്പോഴെല്ലാം സൈബർ സഖാക്കൾ ഒഴുക്കുന്ന ക്യാപ്‌സ്യൂളുകൾക്ക് അത് കൊണ്ട് തന്നെ പഞ്ഞമേയില്ല. ന്യായീകരിച്ച് മെഴുകുന്നതിന്റെ ആദ്യപാഠം പാർട്ടി ക്ലാസുകളിലല്ല സൈബർ ഇടത്താണ് കുട്ടിസഖാക്കൻമാർക്ക് ലഭിക്കുന്നതെന്ന് വ്യക്തം.
ഒടുവിലിതാ പാർട്ടിയെ അത്രമേൽ ആത്മാർത്ഥതയോടെ സേവിച്ച പോരാളിഷാജിയോടും കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാനൂരിൽ പികെ കുഞ്ഞനന്തൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കതിർ ചെങ്കോട്ട എന്നിവയ്‌ക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്. എട്ടു ലക്ഷത്തോളം ഫോളോവെഴ്സുള്ള പോരാളി ഷാജിയിൽ പാർട്ടി നേതാക്കൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ വരുന്നതിനെ എതിർത്തു കൊണ്ടായിരുന്നു എം.വി ജയരാജന്റെ പരസ്യ പ്രതികരണം.
എന്നാലിത് കേട്ട് മിണ്ടാതിരിക്കുകയല്ല പകരം, അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന മറുപടിയുമായി പോരാളി ഷാജി രംഗത്തു വന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ തങ്ങളുടെ മെക്കിട്ട് കയറാൻ വരേണ്ടെന്നും രാഷ്ട്രീയ പ്രവർത്തനം നടത്താൻ അറിയില്ലെങ്കിൽ നിർത്തി വല്ല പണിക്കും പോയി കൂടെ എന്നുമായിരുന്നു പോരാളി ഷാജിയുടെ ചോദ്യം. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ലെന്നും ജനം എല്ലാം കണ്ടതുകൊണ്ടാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയതെന്നും പേരാളി ഷാജി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോൽക്കാനുള്ള 19 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. 6 മാസം പെൻഷൻ മുടങ്ങിയതുൾപ്പെടെയുള്ള കാരണങ്ങൾ പോരാളി ഷാജി ചൂണ്ടിക്കാണിച്ചു. നിരവധി സൈബർ സഖാക്കൾ പോരാളിക്കൊപ്പം നിന്നതോടെ എംവി ജയരാജൻ കളം മാറ്റി ചവിട്ടി. പോരാളി ഷാജി ആരാണെങ്കിലും പരസ്യമായി പുറത്തു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ നശിപ്പിക്കാൻ സംഹാരാത്മകമായി പോസ്റ്റിടുകയാണ് പോരാളി ഷാജി. ഒന്നല്ല ഒരുപാട് വ്യാജഗ്രൂപ്പുകൾ ഉപയോഗിച്ചാണ് പോരാളി ഷാജി പാർട്ടിക്കെതിരെ പോസ്റ്റിടുന്നത്. പാർട്ടിക്കെതിരെ പോസ്റ്റിടുന്നത് ഡ്യൂപ്‌ളിക്കേറ്റ് പോരാളി ഷാജിയാണെങ്കിൽ ഒറിജിനിലിന്റെ അഡ്മിൻ പുറത്തുവരണമെന്നും എം. വിജയരാജൻ ആവശ്യപ്പെട്ടു. പാർട്ടി സോഷ്യൽ മീഡിയയിലെ വിമർശനത്തിന് എതിരല്ല, സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ പാർട്ടി അംഗങ്ങൾ അല്ലാത്തവർക്ക് സ്വതന്ത്ര്യമുണ്ട്. അംഗങ്ങൾ അവരുടെ ഘടകങ്ങളിലാണ് വിമർശിക്കേണ്ടത്. പോരാളി ഷാജി ഇടതു പക്ഷക്കാരനാണെങ്കിൽ അവർ തുറന്നു പറയണം ഇതു കണ്ടെത്താൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ എം.എ റഹീമിനെ എരണം കെട്ടവൻ എന്നു വിശേഷിപ്പിച്ചു പോസ്റ്റിട്ടതിന് പൊലീസിൽ പരാതി നൽകിയിരുന്നു. വടകരയിൽ ശൈലജ ടീച്ചറെ അധിക്ഷേപിച്ചത് കോൺഗ്രസുകാരാണ്. ഷാഫി പറമ്പിലിനെ അനുകൂലിക്കുന്നവരാണോ പോരാളി ഷാജിക്ക് പിന്നിലെന്ന് അറിയണമെന്നും എം.വി ജയരാജൻ പറഞ്ഞു.
എന്തായാലും ഇടത് സഖാക്കൻമാർ തേനേ പാലെ എന്ന് കരുതി പൊന്നപോലെ കൊണ്ടുനടന്നിരുന്ന വെട്ടുകിളി പ്രൊഫൈലും പണിയായിരിക്കുകയാണ്. ഇനിയും ആത്മപരിശോധന നടത്തി തിരുത്തി മുന്നോട്ട് പോകനല്ല, മറിച്ച് വിമർശിക്കുന്നവരെ വിവരദോഷിയെന്നും പരനാറിയെന്നും അധിക്ഷേപിച്ച് ധാർഷ്ട്യത്തോടെയാണ് പോക്കെങ്കിൽ ഇടത് ഇന്ത്യയിലില്ലെന്ന് പരിതപിച്ച് ചൊങ്കൊടിയും നോക്കി മൂലക്കിരിക്കാനാവും സഖാക്കൻമാരുടെ യോഗം.
Discussion about this post