ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് സഞ്ജു ടെക്കി. മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം ഉള്ളത്. സംഭവത്തിൽ സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് എംവിഡി കടക്കാനൊരുങ്ങുകയാണ്. ഇതിനിടെയാണ് കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിയാതെ പറ്റിപ്പോയതാണെന്നുള്ള സഞ്ജുവിന്റെ വിശദീകരണം.
വാഹനത്തിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് ഗതാഗത നിയമലംഘനം ആണെന്ന് അറിയില്ലായിരുന്നു. അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ്. അതിനാൽ കടുത്ത നടപടി സ്വീകരിക്കരുത് എന്നും സഞ്ജു ടെക്കി മോട്ടോർവാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. സഞ്ജുവിന്റെ വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ അറിയിച്ചു.
അതേസമയം സംഭവത്തിൽ ശിക്ഷയെന്നോണം സഞ്ജുവും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹിക സേവനം തുടരുകയാണ്. ഇനി 11 ദിവസം കൂടി ഇവർക്ക് ഇവിടെ സേവനം ചെയ്യണം. 15 ദിവസത്തേക്കായിരുന്നു സാമൂഹ്യസേവനം നടത്താൻ ഇവർക്ക് നിർദ്ദേശം നൽകിയത്. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സാമൂഹ്യ സേവനം ചെയ്യേണ്ടത്.
കഴിഞ്ഞ മാസം ആയിരുന്നു ആവേശം സിനിമയിലേത് എന്ന പോലെ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച് സഞ്ജു ടെക്കിയും സുഹൃത്തുക്കളും ചേർന്ന് കുളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ പകർത്തി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചത്.












