ഇന്ത്യ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇറ്റലി ആതിഥേയത്വം വഹിച്ച ത്രിദിന ജി 7 ഉച്ചകോടിയ്ക്ക് സമാപനമായിരിക്കുന്നു. വിവിധ രാഷ്ട്രങ്ങളുടെ നേതാക്കൾ പങ്കെടുത്ത ഉച്ചകോടി വളരെ ഫലപ്രദമായിരുന്നുവെന്നാണ് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ലോകനേതാക്കളുമായി സംവദിക്കാനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും സാധിച്ചു. ആഗോള സമൂഹത്തിന് പ്രയോജനമാകുന്ന ഫലപ്രദമായ പരിഹാരങ്ങൾ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ദതികൾ, പുതിയ സംരംഭങ്ങൾ, വിവിധ സാമ്പത്തിക ഇടനാഴികൾ എന്നിവയ്ക്ക് വികസിത രാജ്യങ്ങളുടെ പൂർണ പിന്തുണ പ്രഖ്യപിച്ചിരിക്കുകയാണ് ജി 7 ഉച്ചകോടി. ഇന്ത്യ, സൗദി അറേബ്യ, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന റോഡ്, റെയിൽ, സമുദ്ര ഗതാഗത ശൃഖലയാണ് ഇന്ത്യ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി.
ഇന്ത്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്നും കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിൽ എത്തിക്കുന്ന ചരക്കുകൾ, അവിടെ നിന്നും നിർമാണത്തിലിരിക്കുന്ന പുതിയ റെയിൽ പാതയിലൂടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് എത്തിക്കും. ഈ ചരക്കുകൾ ഇവിടെ നിന്നും കുറഞ്ഞ സമയത്തിനുള്ളിൽ യൂറോപ്പിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും എത്തിക്കാനാകും. ഇത് തന്നെയാണ് ഐഎംഇസിയിൽ ഇന്ത്യ ഇത്രയേറെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നിക്ഷേപങ്ങൾക്കുമാണ് ജി7 ഉച്ചകോടി ലക്ഷ്യമിടുന്നത്. ചൈനയുടെ അനിശിതമായ ഇടപെടലുകളെ എതിർക്കുന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ഐഎംഇസിയ്ക്ക് പുറമേ യൂറോപ്യൻ യൂണിയൻ ഗ്ലോബൽ ഗേറ്റ്‌വേ, ലോബിറ്റോ കോറിഡോർ, ഗ്രേറ്റ് ഗ്രീൻ വോൾ ഇനീഷിയേറ്റീവ് എന്നിവയും ഉച്ചകോടിയിൽ വിഷയമായി. കുടിയേറ്റവും ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളും ജി 7 ഉച്ചകോടിയിൽ ചർച്ചയായി. റഷ്യ യുദ്ധം തുടരുന്ന യുക്രൈയിനിനെ സഹായിക്കാനുള്ള തീരുമാനവും ഉച്ചകോടിയിലുണ്ടായി.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രതലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യ- കാനഡ ബന്ധം വഷളായിരിക്കുന്നതിനിടെയാണ് മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരു രാജ്യങ്ങൾക്കിടയിലുള്ള ബന്ധം ഈ കൂടിക്കാഴ്ച്ച ശക്തമാക്കുമെന്ന് മോദി പറഞ്ഞു. ട്രൂഡോയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്ര ചർച്ച നടത്തിയിരുന്നു. ബ്രിട്ടീഷ്പ്രധാനമന്ത്രി ഋഷി സുനകുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ചനടത്തി. മൂന്നാം എൻഡിഎ സർക്കാരിൽ ബ്രിട്ടനുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി പ്രതികരിച്ചിരുന്നു. ഉച്ചകോടിയ്ക്കിടെ ഫ്രാൻസിസ് മാർപ്പയുമായും കൂടിക്കാഴ്ച്ച നടത്തിയ മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുത്തത്. മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശസന്ദേർശനം കൂടിയായിരുന്നു ഇത്.









Discussion about this post