തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വളർച്ചയെ സിപിഎം ഗൗരവകരമായി കാണാത്തത് തിരിച്ചടിയായെന്നും പ്രതിസന്ധി കാലത്തും ഭൂരിപക്ഷം നൽകിയ ഇടങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തായത് ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിലെ വിജയം മൊത്തത്തിലുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജനഹിതം പരിഗണിച്ച് വേണം സ്ഥാനാർത്ഥികളെ നിർത്താനെന്നും അതിൽ പ്രായ പരിധി മാനദണ്ഡമാക്കരുതെന്നും മുൻമന്ത്രികൂടിയായ ജി സുധാകരൻ പറയുന്നു.
തനിക്ക് പിണറായിയുമായി പഴയപോലുള്ള മാനസിക അടുപ്പമില്ലെന്ന് പറഞ്ഞ ജി സുധാകരൻ വിഎസ് അച്യുതാനന്ദന് അപ്പുറം അന്നും ഇന്നും തനിക്കൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഎസ് ആണ് എന്നെ നേതൃത്വത്തിലേക്ക് കണ്ടെത്തിയത്. തുടക്കത്തിൽ സിഎച്ച് കണാരനായിരുന്നു. ഇവരൊക്കെയാണ് കൈപ്പിടിച്ച് ഉയർത്തിയതെന്നും അവർ പഠിപ്പിച്ചതൊന്നും താൻ മറന്നുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ കാലമല്ല ഇപ്പോഴെന്നും ചൂണ്ടിക്കാട്ടി.
ശത്രുവിന്റെ ശക്തി അറിഞ്ഞു പ്രവർത്തിക്കുന്നവനേ വിജയിക്കുകയുള്ളുവെന്നും ഇവിടെ അത് അറിഞ്ഞു ഫൈറ്റ് ചെയുന്നില്ലെന്നും ജി സുധാകരൻ വിമർശിച്ചു. പാർട്ടിയിൽ ബൂർഷ്വ പ്രവണതയും പൊളിറ്റിക്കൽ ക്രിമിനലിസവും വർധിച്ചുവെന്നും ഇപ്പോൾ ഉണ്ടായ തിരിച്ചടി പാർട്ടിയെ സ്‌നേഹിക്കുന്ന എല്ലാവർക്കും പ്രയാസമുണ്ടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post