മുംബൈ: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ ഈ മാസം 29ന് ആരംഭിക്കും. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിൽ വച്ച് പ്രത്യേക പൂജ ചടങ്ങുകളോടെ ആഘോഷങ്ങൾ ആരംഭിക്കുമെന്ന് അംബാനിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അടുത്ത മാസം നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വധൂവരന്മാരെ അണിയിച്ചൊരുക്കാൻ ഫാഷൻ സ്‌റൈലിസ്റ്റ് റിയ കപൂറും ഷലീന നതാനിയും നേരത്തെ തന്നെ എത്തിയിരുന്നു. സെലിബ്രിറ്റി ഡിസൈനർമാരായ അബു ജനി, സന്ദീപ് ഖോസ്ലയുമാണ് ഇരുവരുടെയും വസ്ത്രങ്ങൾ ഒരുക്കുന്നത്. ജൂലൈ 12ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾ. ജൂലൈ 12ന് ശുഭ വിവാഹം, 13ന് ശുഭ ആശിർവാദ്, 14ന് മംഗള ഉത്സവം അല്ലെങ്കിൽ വിവാഹ സൽക്കാരം എന്നിങ്ങനെയാണ് ചടങ്ങുകൾ.
പരമ്പരാഗത രീതിയിൽ ചുവപ്പിലും സ്വർണ നിറത്തിലും ഒരുക്കിയ സേവ് ദി ഡേറ്റ് ക്ഷണക്കത്തുകൾ നേരത്തെ തന്നെ അതിഥികൾക്ക് നൽകിക്കഴിഞ്ഞു. മൂന്ന് ദിവസത്തെയും വിവാഹ ചടങ്ങുകൾ ക്ഷണക്കത്തിൽ വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. വിവാഹ ദിവസമായ ജൂലൈ 12ന് പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാനാണ് അതിഥികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്ത ദിവസം ഇന്ത്യൻ രീതിയിലുള്ള ഫോർമൽ വസ്ത്രങ്ങൾ ധരിക്കണം. റിസപ്ഷൻ ദിവസമായ 14ന് ഇന്ത്യൻ ചിക് വസ്ത്രങ്ങളായിരിക്കും അതിഥികൾ ധരിക്കുക.
Discussion about this post