ചെന്നെ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. നൂറിലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 12ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. സംഭവത്തിൽ സിബി-സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷമദ്യ ദുരന്തമല്ലെന്ന് സംഭവദിവസം രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് പുതിയ കളക്ടറെ നിയമിക്കുകയും ചെയ്തു. പുതിയതായി നിയമിച്ച കള്ളക്കുറിച്ചി ജില്ലാ കളക്ടർ ആശുപത്രികളിലെത്തി രോഗികളെ സന്ദർശിച്ചു.
അതേസമയം, വിഷമദ്യ ദുരന്തത്തിൽ പോലീസിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നു. പോലീസ് സ്‌റ്റേഷന് സമീപം പോലും പതിവായി പേക്കറ്റുകളിൽ മദ്യം വിൽക്കാറുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇവർക്കെതിരെ പരാതി പറയാൻ പലർക്കും ഭയമാണെന്നും മദ്യമാഫിയകൾ ഇവരെ ഭീഷണിപ്പെടുത്തുക പതിവാണെന്നും ഇവർ പറയുന്നു.
ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. പ്രദേശത്തെ ഒരു സംസ്‌കാരത്തിൽ പങ്കെടുത്തവർക്കാണ് അപകടം പറ്റിയിട്ടുള്ളത്. ദിവസ വേതനക്കാരും സാധാരണക്കാരുമാണ് അപകടത്തിൽ പെട്ടിരിക്കുന്നത്.
Discussion about this post