ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 28 പന്തിൽ 53 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അച്ചടക്കത്തോടെ പന്തെറിഞ്ഞ അഫ്ഗാൻ ബൗളിംഗ് നിര തുടക്കം മുതലേ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കിയിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച ഫോം തുടരുന്ന ഫസൽഹഖ് ഫറൂഖി ഇന്നും അഫ്ഗാനിസ്ഥാന് മികച്ച തുടക്കം നൽകി. 8 റൺസ് മാത്രമെടുത്ത ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയെ ഫറൂഖി മൂന്നാം ഓവറിൽ റാഷിദ് ഖാന്റെ കൈകളിൽ എത്തിച്ചു.
ഋഷഭ് പന്ത് 20 റൺസുമായും വിരാട് കോഹ്ലി 24 റൺസുമായും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ സൂര്യകുമാർ യാദവ് താളം കണ്ടെത്തി തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ ഉയരാൻ തുടങ്ങി. അഫ്ഗാന് വേണ്ടി റാഷിദ് ഖാനും നന്നായി പന്തെറിയാൻ തുടങ്ങിയതോടെ മറുവശത്ത് മുറയ്ക്ക് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അവസാന നിമിഷം ഹാർദിക് പാണ്ഡ്യ നടത്തിയ മിന്നൽ ആക്രമണം ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. പാണ്ഡ്യ 24 പന്തിൽ 32 റൺസ് നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി ഫറൂഖി, റാഷിദ് ഖാൻ എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. നവീൻ ഉൾ ഹഖിന് ഒരു വിക്കറ്റ് ലഭിച്ചു.
Discussion about this post