തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സുരേഷ് ഗോപി എംപിയുടെ പ്രസംഗം ശ്രവിച്ച് കുട്ടികൾ. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു രസകരമായ നിമിഷങ്ങൾ. പരിപാടിയിൽ കുട്ടികൾക്കൊപ്പം മഴ കൊള്ളുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിപാടിയിൽ യോഗയുടെ ഗുണങ്ങളെക്കുറിച്ചായിരുന്നു സുരേഷ് ഗോപി സംസാരിച്ചുകൊണ്ടിരുന്നത്. ഇതിനിടെ മഴ ചാറാൻ ആരംഭിക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തിന് കുടയുമായി പോലീസ് ഉദ്യോഗസ്ഥൻ എത്തി. മഴ ചാറിയതോടെ കുട്ടികളോട് പ്രസംഗം അവസാനിപ്പിക്കട്ടെയെന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു.
മഴ കൊള്ളാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ പ്രസംഗം തുടരാമെന്നും അല്ലെങ്കിൽ രണ്ട് വാക്കിൽ പ്രസംഗം അവസാനിപ്പിച്ച് പേപ്പർ കോപ്പികൾ വായിക്കാനായി നൽകാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികൾ മഴ കൊള്ളാൻ തങ്ങൾ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ തനിയ്ക്കും കുട വേണ്ടെന്ന് സുരേഷ് ഗോപി പോലീസുകാരോട് പറഞ്ഞു. തുടർന്ന് കുട്ടികൾക്കൊപ്പം സുരേഷ് ഗോപിയും മഴ നനയുകയായിരുന്നു.
Discussion about this post