ന്യൂഡൽഹി : നിരവധി പുതിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ബംഗ്ലാദേശും. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിട്ടുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി പുതിയ കരാറുകളിൽ ഒപ്പിട്ടത്. സമുദ്ര മേഖലയിലും ഡിജിറ്റൽ രംഗത്തും ഉൾപ്പെടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ കരാറുകൾ.
ബംഗ്ലാദേശിനെ സംബന്ധിച്ച് ഏറ്റവും വിശ്വസ്തനായ സുഹൃത്താണ് ഇന്ത്യയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചർച്ചകൾക്ക് ശേഷം വ്യക്തമാക്കി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയിലെ സർക്കാരും ജനങ്ങളും നൽകിയ സംഭാവനകളെ നന്ദിയോടെയാണ് സ്മരിക്കുന്നത്. ഇന്ന് ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരനും പ്രാദേശിക പങ്കാളിയും എല്ലാം ഇന്ത്യയാണ് എന്നും ഷെയ്ഖ് ഹസീന അറിയിച്ചു. 1971ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ഇന്ത്യയുടെ ധീരപുത്രന്മാർക്ക് ഷെയ്ഖ് ഹസീന ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
സുരക്ഷ, വ്യാപാരം, കണക്ടിവിറ്റി, പൊതുനദികളിൽ നിന്നുള്ള ജലം പങ്കിടൽ, ഊർജ്ജം, പ്രാദേശിക സഹകരണം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ഷെയ്ഖ് ഹസീന അറിയിച്ചു. ശനിയാഴ്ച രാവിലെ രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും രാഷ്ട്രപതി ഭവൻ സന്ദർശിക്കുകയും ചെയ്ത ശേഷമാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post