ബംഗളൂരു :ഭക്ഷണസാധനങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ. വെജിറ്റേറിയൻ വിഭവങ്ങൾ, ചിക്കൻ- ഫിഷ് കബാബ് എന്നിവ തയ്യാറാക്കുമ്പോൾ കൃത്രിമ നിറം ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ടാണ് കൃത്രിമ നിറങ്ങളുടെ ഉപയോഗം നിരോധിക്കുന്നത് എന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു എക്‌സിൽ കുറിച്ചു. നിയമം ലംഘിക്കുന്ന ഭക്ഷണ കച്ചവടക്കാർക്കെതിരെ ഏഴ് വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടെയുള്ള ഗുരുതരമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൃത്രിമ നിറങ്ങൾ ശരീരത്തിന് ഹാനികരമാണെന്നും ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകൾ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിന് വിവിധ പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഡിപ്പാർട്ട്മെന്റ് ലബോറട്ടറികളിൽ 39 കബാബ് സാമ്പിളുകൾ പരിശോധിക്കുയും ചെയ്തു. അതിൽ എട്ടെണ്ണം കൃത്രിമ നിറത്തിന്റെ ഉപയോഗം കാരണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. കൂടുതലും കണ്ടെത്തിയത് മഞ്ഞ, കാർനോയ്‌സിൻ എന്നീ നിറങ്ങളാണ്.
2011 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ റെഗുലേഷൻസിന്റെ റൂൾ 16 പ്രകാരം കബാബ് തയ്യാറാക്കുന്നതിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല.’ഗോബി മഞ്ചൂറിയൻ കോട്ടൺ കാൻഡി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് പൊതുജനാരോഗ്യത്തെ, പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ മാർച്ചിൽ സംസ്ഥാന സർക്കാർ ഇത് നിരോധിച്ചിക്കുകയും ചെയ്തിരുന്നു.
Discussion about this post