ന്യൂഡൽഹി: സിബിഐ കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായി കോടതിയോട് ആവശ്യങ്ങളുടെ കെട്ടഴിച്ച് അരവിന്ദ് കെജ്രിവാൾ. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കോടതിയോട് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ബുധനാഴ്ച ആയിരുന്നു മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ റോസ് അവന്യൂ കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടത്.
സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, വീട്ടിൽ നിന്നുള്ള ഭക്ഷണം, ഭഗവത് ഗീത എന്നിവ കസ്റ്റഡിയിലിരിക്കെ വേണമെന്ന് ആയിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. ഇതിന് പുറമേ എല്ലാ ദിവസവും ഒരു മണിക്കൂർ നേരം കുടുംബവുമൊത്ത് ചിലവഴിക്കണം എന്നും കെജ്രിവാൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബെൽറ്റ് എടുക്കാൻ അനുവദിക്കണം എന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം ഈ ആവശ്യങ്ങളെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു.
മദ്യ നയ അഴിമതി കേസിൽ ഇഡിയ്ക്ക് പുറമേ സിബിഐയും കേസ് എടുത്തിരുന്നു. ഇതിൽ ഇന്നലെയാണ് സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് ശേഷം പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുകയാണ്. കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാൾ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. ഇവിടെയെത്തിയായിരുന്നു സിബിഐ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.









Discussion about this post