കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയായവരെല്ലാം ലഹരിയിലെന്ന റിസൾട്ട് ആശയക്കുഴപ്പത്തിനിടയാക്കി. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ജീവനക്കാരുൾപ്പടെ മദ്യപിച്ചെന്ന റിസൾട്ട് ലഭിച്ചത്.
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ബ്രത്തലൈസർ മെഷീനുമായി ഇൻസ്‌പെക്ടർ രവി, ഇൻസ്‌പെക്ടർ സാംസൺ തുടങ്ങിയവരെത്തി.ഇതിനിടയിൽ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.
ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോൾ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോൾ 35 ശതമാനം. തുടർന്ന് പരിശോധനയ്ക്ക് എത്തിയവരും ഊതിയപ്പോൾ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തി. സംശയംതോന്നി കൂടുതൽ പരിശോധന നടത്തിയതോടെയാണ് മെഷീന് തകരാണെന്ന് വ്യക്തമായത്. ഇതോടെ പരിശോധന ഉപേക്ഷിച്ച് സംഘം മടങ്ങുകയും ചെയ്തു.
മദ്യപിച്ച് ജോലിക്കെത്തുന്നവരുടെ എണ്ണം കൂടുന്നു എന്ന പരാതി വ്യാപകമായതോടെയാണ് ബ്രത്ത് അനലൈസർ ടെസ്റ്റ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും പരിശോധിച്ച് അവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന നിർദ്ദേശവും ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ പുറപ്പെടുവിച്ചിരുന്നു.
Discussion about this post