ഇന്ത്യയുടെ അഭിമാനദൗത്യമായിരുന്നു ചന്ദ്രയാൻ 3.. വർഷങ്ങൾക്ക് മുൻപ് അവസാന നിമിഷത്തിൽ പൊലിഞ്ഞുപോയ സ്വപ്നങ്ങൾ അതിലും മനോഹരമായി സാക്ഷാത്കരിച്ചുകൊണ്ടായിരുന്നു ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ശിവശക്തി പോയിന്റിലേക്ക് തന്റെ ചുവട് പതിപ്പിച്ചത്. ഇനി അടുത്ത കാത്തിരിപ്പാണ് ചാന്ദ്രയാൻ 4 എന്ന ലക്ഷ്യത്തിലേക്ക്..
ഇപ്പോഴിതാ ചന്ദ്രയാൻ 4 നെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് ഐഎസ്ആർഒ. മുൻ പതിപ്പുകൾ ഒറ്റ വിക്ഷേപണമായിരുന്നെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഇരട്ട വിക്ഷേപണമായാണ് ചാന്ദ്രയാൻ 4 ന്റെ പേടകം ചന്ദ്രനെ ലക്ഷ്യമിട്ട് കുതിക്കുക. ഈ ഭാഗങ്ങൾ ബഹിരാകാത്ത് വച്ച് തമ്മിൽ യോജിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും. ഡൽഹിയിലെ ഒരു പരിപാടിയിൽ വച്ച് ഐഎസ്ആർഒ മേധാവി സോമനാഥ് ആണ് ചാന്ദ്രയാൻ ദൗത്യത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
നിലവിൽ ഐഎസ്ആർഒ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകൾക്ക് വഹിക്കാനാവുന്നതിനേക്കാൾ കൂടുതലാണ് ചന്ദ്രയാൻ 4ന്റെ ഭാരം. ഈ കാരണത്താൽ തന്നെയാണ് ഇരട്ട വിക്ഷേപണമെന്ന ആശയത്തിലേക്ക് ഐഎസ്ആർഒ എത്തിയത്.
ബഹിരാകാശ നിലയം പോലെ, വ്യത്യസ്ത പേടകങ്ങൾ ബഹിരാകാശത്ത് വച്ച് കൂട്ടി യോജിപ്പിക്കുന്ന രീതി
ഇതിന് മുൻപും പല ദൗത്യങ്ങളിലും നടന്നിട്ടുണ്ട്. എന്നാൽ, ഇരട്ട വിക്ഷേപണം നടത്തുകയും ബഹിരാകാശത്ത് വച്ച് കൂടി യോജിക്കുകയും ചെയ്യുന്ന ഡോക്കിംഗ് സാങ്കേതിക വിദ്യ ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്. ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് സോമനാഥ് അറിയിച്ചു. ഈ വർഷം അവസാനത്തോടെ, സ്‌പെഡെക്‌സ് എന്ന പേരിൽ ഇത് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊഡ്യൂളുകളുടെ ഭാരം ക്രമീകരിക്കാനും മറ്റുമായി ചന്ദ്രനിൽ നിന്നും പേടകങ്ങൾ ഭൂമിയിലേക്ക് തിരിച്ചു വരുമ്പോൾ മൊഡ്യൂളുകൾ ഡോക് ചെയ്യാറുണ്ട്. അതായത്, ലാൻഡിംഗ് സമയമാകുമ്പോൾ പ്രധാന പേടകത്തിൽ നിന്നും ഒരു ഭാഗം വേർപെടുകയും ഇത് ഭ്രമണപഥത്തിൽ തുടരുകയും ചെയ്യും. ചാന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം ഭ്രമണപഥത്തിലേക്ക് തിരികെ ഉയരും. ഇത് നേരത്തെ വേർപെട്ട ഭാഗവുമായി സംയോജിക്കുകയും ഭൂമിയിലേക്ക് തിരികെ കുതിക്കുകയും ചെയ്യും.
എന്നാൽ, ഇതാദ്യമായാണ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ വച്ച് ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിന്റെ മൊഡ്യൂളുകൾ സംയോജിപ്പിക്കുന്നത്. ഈ പരീക്ഷണം ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇന്ത്യക്ക് ഒരു മുതൽക്കൂട്ടാകും.. ഇന്ത്യ ആസൂത്രണം ചെയ്യുന്ന ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ എന്ന ബഹിരാകാശ നിലയത്തിന്റെ നിർമാണവും വ്യത്യസ്ത ഭാഗങ്ങൾ പലതവണയായി ബഹിരാകാശത്ത് കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും.
Discussion about this post