തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകി പുറത്തിറക്കാനുള്ള സർക്കാർ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനം വെറും അഭ്യൂഹം മാത്രമാണെന്ന് സർക്കാർ പ്രചരിപ്പിക്കുകയായിരുന്നു. നയമസഭയിൽ ഈ വിഷയം അവതരിപ്പിക്കാതിരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ടിപി കേസിനെ കുറിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാതിരിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കാനുള്ള തീരുമാനം അഭ്യൂഹം മാത്രമാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ, പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് അയച്ച കത്ത് പുറത്ത് വന്നതോടെ സർക്കാരിന്റെ ശ്രമം പൊളിഞ്ഞു. മൂന്ന് പ്രതികളുടെ സ്‌റ്റേഷൻ പരിധിയിലുള്ള പോലീസുകാർ കെകെ രമയുടെ മൊഴിയെടുത്തിരുന്നു. മൊഴിയെടുത്തെങ്കിൽ അതെങ്ങനെ അഭ്യൂഹമാകും. ഇരകളുടെ ബന്ധുക്കളുടെ മൊഴിയെടുത്ത് പ്രൊബേഷൻ റിപ്പോർട്ട് നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇത് ജയിൽ മേധാവി കാണുകയും സംഭവം പുറത്തറിയുകയും ചെയ്തതോടെയാണ് സർക്കാരിന് പണിയായത്.
ഹോം സെക്രട്ടറിയുടെ ഉത്തരവിനെ പോലും മറികടന്നാണ് പോലീസുകാർ കെകെ രമയുടെ മൊഴിയെടുത്തത്. അങ്ങനെയാണെങ്കിൽ ഹോം സെക്രട്ടറിയുടെ ഓഫീസിന് മുകളിൽ പോലും പറക്കുന്ന പരുന്ത് ഏതാണ്?. മൊഴിയെടുത്ത പോലീസുകാർ കോൺഗ്രസിന്റെ ആളുകളാണെന്നാണ് സിപിഎമ്മിന്റെ വിചിത്രവാദം. മൂന്ന് പോലീസ് സ്‌റ്റേഷനിലൈ പോലീസും കണ്ണൂരിലെ ജയിൽ അധികൃതരും പ്രതിപക്ഷവുമായി ഉപചാപം നടത്തി എന്ന് ഒരു മന്ത്രി ആക്ഷേപിച്ചാൽ അതിനർത്ഥം ജയിൽ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മിനിറ്റ് പോലും ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്നാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Discussion about this post