ന്യൂഡൽഹി: ലോക്‌സഭയിൽ കണ്ഠക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് 100 ൽ 99 സീറ്റ് അല്ല ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസ് ഇക്കുറിയും നേരിട്ടത് എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഈ നിമിഷത്തിൽ പരീക്ഷയിൽ 99 മാർക്ക് വാങ്ങിയ കുട്ടിയുടെ കഥയാണ് ഓർമ്മവരുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 99 മാർക്ക് ലഭിച്ച കുട്ടി ഇത് എല്ലാവരെയും കാണിക്കുകയും വീമ്പ് പറയുകയും ചെയ്തു. നിരവധി പേരാണ് 99 മാർക്ക് നേടിയതിൽ കുട്ടിയെ പ്രശംസിച്ചത്. കുട്ടി എല്ലാവർക്കും മധുരം നൽകാനും ആരംഭിച്ചു. ഇത് കണ്ടെത്തിയ അദ്ധ്യാപിക കുട്ടിയോട് എന്തിനാണ് നീ എല്ലാവർക്കും മധുരം നൽകുന്നത് എന്ന് ചോദിച്ചു. 100 ൽ 99 അല്ല, 543 ൽ 99 മാർക്കാണ് നീ വാങ്ങിയത് എന്ന് കുട്ടിയെ ആ അദ്ധ്യാപിക ബോധിപ്പിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ തോൽവിയാണ് ഉണ്ടായത് എന്ന് മറ്റൊരു കുട്ടിയെ ആര് പറഞ്ഞ് മനസിലാക്കിക്കും എന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.
കോൺഗ്രസ് സ്വന്തം പരാജയം അംഗീകരിക്കുകയും ആളുകളുടെ തീരുമാനം ബഹുമാനിക്കുകയും ചെയ്താൽ നന്നായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ കോൺഗ്രസിലെ ചില ആളുകൾ ശീർഷാസനത്തിൽ ആണ്. സ്വന്തം തോൽവിയെക്കുറിച്ച് സംസാരിക്കാതെ ബിജെപിയെ തോൽപ്പിച്ചുവെന്ന തരത്തിൽ ആളുകളുടെ മനസിൽ തെറ്റിദ്ധാരണ പരത്തുകയാണ് ഇവർ ചെയ്യുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post