എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. എൻഐഎ കൊച്ചി യൂണിറ്റ് ആണ് ഏറ്റെടുത്തത്. രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. ആലുവ റൂറൽ പോലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
കേസിൽ ഹൈദരബാദും ചെന്നെയും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടന്നു വരുന്നതിന് ഇതിനിടയില്‍ കേസിലെ പ്രധാനിയെ പിടികൂടിയിരുന്നു. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. കേസിൽ നാല് പ്രതികളുണ്ട്.
അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനാണ് സാബിത്ത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
അവയവം സ്വീകരിക്കാനുള്ള ആളുകളെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണെന്നാണ് കണ്ടെത്തൽ. ആളുകളെ കണ്ടെത്തി കഴിഞ്ഞാൽ അവയവത്തിനുള്ള പണം പറഞ്ഞുറപ്പിക്കും. 30 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് പാക്കേജ്. ഇതിന് ശേഷം ഇടപാടുകാരെ ഇറാനിലേക്ക് കടത്തുന്നതാണ് രീതി. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്റ്റോ കറൻസി വഴിയാണ്.
കൊച്ചിയിൽ നിന്നും കുവൈത്ത്, അവിടെ നിന്നും ഇറാൻ എന്നീ രീതിയിലാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇത്തരത്തിൽ ആളുകളെ കൊണ്ടുപോയി തിരികെ വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Discussion about this post