ഷാർജ: ശ്വാസം മുട്ടും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നേരിട്ട രണ്ട് വയസുള്ള കുട്ടിയെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റിൽ നിന്നും 17 കാന്തങ്ങളാണ് പുറത്തെടുത്തത്. 13 കാന്തങ്ങൾ എൻഡോസ്‌കോപ്പിയിലൂടെയാണ് പുറത്തെടുത്തത്. എന്നാൽ, നാലെന്നെണ്ണം എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇവ ശസ്ത്രക്രിയ വഴി പുറത്തെടുത്തു. ഷാർജയിലെ ബുർജീൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
മൂന്ന് ദിവസമായി കുട്ടിക്ക് നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടായില്ല. രണ്ട് ദിവസമായി കുട്ടി മലവിസർജനവും നടത്തിയിരുന്നില്ല. ശ്വാസതടസം അനുഭവപ്പെട്ട് തുടങ്ങിയതിനാൽ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധധനയിൽ തന്നെ കുട്ടിയുടെ കുടലിന്റെ പ്രവർത്തനം നല്ല രീതിയിൽ അല്ലെന്ന് മനസിലായി. എക്‌സ് റേയിലാണ് വയറിനുള്ളിൽ കാന്തങ്ങൾ ഉണ്ടെന്ന് മനസിലായത്. 17 കാന്തങ്ങളും കൂടി ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് നാല് ദിവസം മുൻപെങ്കിലും കുഞ്ഞ് കാന്തം വിഴുങ്ങിയിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
എല്ലാം ഒട്ടിപ്പിടിച്ച് ഇരിക്കുന്നതിണനാൽ തന്നെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 13 കാന്തങ്ങൾ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തത്. എന്നാൽ, ബാക്കിയുള്ളവ ചെറുകുടലിന്റെ അവസാന ഭാഗത്ത് കിടന്നിരുന്നതിനാൽ, ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. കാന്തങ്ങൾ ചെറുകുടലിന്റെ ഭിത്തിയിൽ ഒട്ടിപ്പിടിച്ച് ഇരുന്നതിനാൽ അവിടെ പരിക്കുകളുണ്ടായിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടതായും അവർ കൂട്ടിച്ചേർത്തു.
Discussion about this post