ലക്‌നൗ: എരുമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിന് ഞൊടിയിടയിൽ പരിഹാരം കണ്ട് പോലീസ്. ഉത്തർപ്രദേശിലെ മഹേഷ്ഗഞ്ചിലായിരുന്നു സംഭവം. പഞ്ചായത്ത് തലവന്മാർ പോലും പരാജയപ്പെട്ട പ്രശ്‌നത്തിനാണ് പോലീസ് ബുദ്ധിപരമായി പരിഹാരം കണ്ടത്.
റായ് അസ്‌കരൺപൂർ ഗ്രാമവാസിയായ നന്ദലാൽ സരോജിന്റെ എരുമയെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ എരുമ കെട്ടഴിഞ്ഞ് പോയിരുന്നു. സമീപ ഗ്രാമമായ പുരി ഹരികേഷിലായിരുന്നു എരുമ അലഞ്ഞ് നടന്ന് എത്തിയത്. ഇവിടെ വച്ച് ഹനുമാൻ സരോജ് എന്നയാൾ എരുമയെ പിടികൂടുകയായിരുന്നു.
എരുമയെ അന്വേഷിച്ചു നടന്ന നന്ദലാൽ പുരി ഹരികേഷിൽ എത്തി. സരോജിന്റെ പക്കൽ എരുമയുള്ളതായി നാട്ടുകാരിൽ ചിലർ നന്ദലാലിനോട് പറഞ്ഞു. ഇതേ തുടർന്ന് സരോജിന്റെ വീട്ടിൽ എത്തി എരുമയെ തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സരോജ് ഇതിന് തയ്യാറായില്ല. തന്റെ എരുമയാണ് ഇതെന്ന അവകാശവാദവും ഇയാൾ ഉന്നയിച്ചു. ഇതോടെ തർക്കമായി. ഇതേ തുടർന്ന് വിഷയം പഞ്ചായത്തിന് മുൻപിൽ എത്തുകയായിരുന്നു. എന്നാൽ എരുമയുടെ ഉടമകൾ തങ്ങളാണെന്ന് ഇരുവരും പഞ്ചായത്തിന് മുൻപിൽ വാദിച്ചു. തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെ പഞ്ചായത്ത് അംഗങ്ങൾ പോലീസിന്റെ സഹായം തേടുകയായിരുന്നു.
പോലീസ് എത്തി സരോജിന്റെ വീട്ടിൽ നിന്നും എരുമയെ കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ശേഷം ഇരുവരോടും അവനവന്റെ ഗ്രാമത്തിലേക്കുള്ള വഴികളിൽ കാത്ത് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ നിന്നും എരുമയെ ഉദ്യോഗസ്ഥർ കെട്ടഴിച്ചുവിട്ടു.
ഇവിടെ നിന്നും എരുമ പോയത് നന്ദലാലിന്റെ അടുത്തേയ്ക്ക് ആണ്. ഇതോടെ യഥാർത്ഥ ഉടമ നന്ദലാൽ ആണെന്ന് വ്യക്തമാകുകയായിരുന്നു. നുണ പറഞ്ഞ് എരുമയെ സ്വന്തമാക്കാൻ ശ്രമിച്ച സരോജിനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
Discussion about this post