കൊങ്കൺ പാതവഴി കേരളത്തിലേക്കുള്ള തീവണ്ടികൾ പൻ വെലിൽ നിന്നും തുടങ്ങാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ കേന്ദ്രത്തിന് സമീപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
മുംബൈയുടെ ഹൃദയഭാഗത്ത് നിന്നും വളരെ ദൂരെയുള്ള പൻ വെൽ സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങേണ്ടി വന്നാൽ അത് 20 ലക്ഷത്തോളം വരുന്ന മുംബൈ മലയാളികളെ വലിയ ദുരിതത്തിൽ ആക്കും എന്ന് ഡി എസ് ജെ പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ട്വീറ്റ് ചെയ്തു.
“മുംബൈയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് വരാൻ റെയിൽവേസിനെ ആണ് ആശ്രയിക്കുന്നത്. അവരുടെ താമസ സ്ഥലത്തുനിന്നും പൻവെൽ എത്താൻ മാത്രം ഭീമമായ തുക ചെലവാക്കേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.”
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി ജോർജ് കുര്യൻ എന്നിവർക്കും കൂടി അയച്ച ട്വീറ്റിൽ റെയിൽവേ ഈ നീക്കം ഉപേക്ഷിക്കണമെന്ന് പാർട്ടി അഭ്യർത്ഥിച്ചു.
ഈയിടെ കേരളത്തിൽ നിന്നും ബാംഗ്ലൂർക്ക് തുടങ്ങാനിരുന്ന വന്ദേ ഭാരത് ട്രെയിൻ അകാരണമായി വൈകിപ്പിക്കുന്നതിനെതിരെ ഡി എസ് ജി പി രംഗത്ത് വന്നിരുന്നു.
“കേരളത്തിൽ ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്നവർ തീരെയില്ല എന്ന് തന്നെ പറയാം. എന്നാലും പഴക്കം ഏറിയ ബോഗികൾ ഉൾപ്പെടെ നൽകി റെയിൽവേ കേരളത്തോട് തുടരുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണം” പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ ആവശ്യപ്പെട്ടു.
.
Discussion about this post