കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയകരമായി പൂർത്തിയായി. കോട്ടയം മെഡിക്കൽ കോളേജിലാണ് അഞ്ച് വയസുള്ള കുഞ്ഞിന്റെ കരൾമാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 25 വയസുകാരിയായ കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന് കരൾ പകുത്ത് നൽകിയത്. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർഎസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവമായി നടത്തുന്ന പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ ഏറെ സങ്കീർണമായ ഒരു ശസ്ത്രക്രിയയാണ്. ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആർ.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.
Discussion about this post