റിയാദ് : സൗദി ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖനായ ഇന്ത്യൻ സംരംഭകൻ ഫറാസ് ഖാലിദിന് പൗരത്വം നൽകി സൗദി അറേബ്യ. സൗദി റോയൽ കോർട്ട് ആണ് ഫറോക്ക് സൗദി പൗരത്വം നൽകിയതായുള്ള ഉത്തരവ് പുറത്തിറക്കിയത്. ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷിയുടെ സഹസ്ഥാപകനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ നൂണിന്റെ സിഇഒയും ആണ് ഫറാസ് ഖാലിദ്.
വിവിധ മേഖലകളിലെ പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സംരംഭകനായ ഫറാസ് ഖാലിദിന് പൗരത്വം നൽകിയിരിക്കുന്നത്. നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇന്റർനെറ്റ് എസ് ഇയുടെ മാനേജിംഗ് ഡയറക്ടർ ഹിഷാം സർഖ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖ കമ്പനി മവൂദ്3.കോം സിഇഒ റാമി അൽ ഖവാസ്മി, ബ്രിട്ടീഷ് പൗരനും സൗദി അറേബ്യയിലെ വാണിജ്യ വിപണി സംവിധാനങ്ങളെ കുറിച്ച് പഠനം നടത്തുന്ന വ്യക്തിയുമായ ജോനാഥൻ എബ്രഹാം മാർഷൽ എന്നിവർക്കും സൗദി അറേബ്യ പൗരത്വം അനുവദിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് ആദരവിന്റെ ഭാഗമായി സൗദി പൗരത്വം നൽകുന്നത്. അമേരിക്കൻ ശാസ്ത്രജ്ഞ ജാക്കി യി റു യിങ്, ലബനീസ് ശാസ്ത്രജ്ഞ നെവിൻ ഖശാബ് എന്നീ വനിതകൾക്കും സൗദി അറേബ്യ ആദരവിന്റെ ഭാഗമായി പൗരത്വം നൽകിയിട്ടുണ്ട്.
Discussion about this post