ന്യൂഡൽഹി: വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിലൂടെയും വാർത്തകളിലൂടെയും പശ്ചിമ ബംഗാൾ ഗവർണറുടെ ഓഫീസിനെ അപമാനിക്കാൻ ശ്രമിച്ചതിന് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനും ഡിസിപി ഇന്ദിര മുഖർജിക്കുമെതിരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടക്ക നടപടി.
ഗോയലും ഡിസിപിയും പൊതുസേവകർക്ക് നിരക്കാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് കാട്ടി ഗവർണർ സി വി ആനന്ദബോസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താൻ അനുമതി നൽകിയിട്ടും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ പ്രതികാര നടപടികളുടെ ഇരകളായവരെ തന്റെ ഓഫീസിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞു. തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി രംഗത്ത് വന്ന വനിതാ ജീവനക്കാരിക്ക് അനാവശ്യ രാഷ്ട്രീയ ആരോപണങ്ങൾക്ക് ഒത്താശ ചെയ്തു എന്നീ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ കഴിഞ്ഞ മാസമാണ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഗവർണറുടെ ഓഫീസിനെതിരെ നടപടിയെടുക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പ്രസ്തുത ഓഫീസർമാർ പാലിച്ചില്ല. തന്റെ ഓഫീസിലെ ജീവനക്കാർക്ക് തന്റെ അനുമതി ഇല്ലാതെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്ത് അവരുടെ പ്രവേശനം പോലും നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പോലും തന്റെ ഓഫീസിൽ പ്രവേശിക്കാൻ അവർ അനുവദിച്ചില്ല. ആനന്ദബോസ് റിപ്പോർട്ടിൽ പറയുന്നു.
രാജ്ഭവനിലെ അനാവശ്യ പോലീസ് വിന്യാസം നിജപ്പെടുത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ അനുസരിക്കാൻ കൂട്ടാക്കിയില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ, തന്നെ വീട്ടുതടങ്കലിൽ ആക്കിയതിന് സമാനമായ പ്രവൃത്തികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തനിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും ഏതൊക്കെയോ യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി അവർ വിടുപണി ചെയ്തു. ഗവർണർ വ്യക്തമാക്കി.
ഗവർണർ ക്രിമിനൽ നടപടി നേരിടാൻ പോകുന്നുവെന്ന് പ്രസ്തുത ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച മറ്റൊരു പരാതിക്കാരി, കേസിൽ നിന്ന് പിന്മാറാൻ ശ്രമിച്ചുവെങ്കിലും കമ്മീഷണറും ഡിസിപിയും അവരെ അതിന് അനുവദിക്കാതെ ഭീഷണിപ്പെടുത്തി. സംസ്ഥാനത്തെ ഒരു വിഭാഗം പോലീസുകാർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളും പ്രോട്ടോക്കോളുകളും കാറ്റിൽ പറത്തിയെന്നും ഗവർണർ സി വി ആനന്ദബോസ് റിപ്പോർട്ടിൽ വിശദീകരിച്ചു.
Discussion about this post