ന്യൂഡൽഹി: ആർത്ത അവധിയ്ക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താൽപര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും ഹർജി തള്ളവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.നയം രൂപീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സർക്കാർ നയത്തിൽ കോടതിക്ക് നിർദേശം നൽകാനാവില്ല. ആർത്തവ അവധി ആവശ്യം ഉന്നയിച്ച് ഹർജിക്കാർ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി.
നേരത്തെ ആർത്തവ അവധി തൊഴിലിടങ്ങളിൽ നിർബന്ധമാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു. ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ അർത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നുള്ളു. ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും മന്ത്രാലയം പറഞ്ഞിരുന്നു. പെൺകുട്ടികൾക്കിടയിലെ അർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച പശ്ചാത്തലത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
Discussion about this post