വയനാട്: മോട്ടോർ വാഹനവകുപ്പിന്റെ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആകാശ് തില്ലങ്കേരി തന്നെയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൡലൂടെ പുറത്തുവിട്ടത്.
വയനാട് പനമരത്ത് നിന്നുള്ള ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ആകാശ് തില്ലങ്കേരിയ്‌ക്കൊപ്പം രണ്ട് കൂട്ടാളികളും ഉണ്ട്. രൂപമാറ്റം വരുത്തിയ ജീപ്പിൽ ആയിരുന്നു ഇവരുടെ യാത്ര. വാഹനം ഓടിക്കുന്നത് ആകാശാണ്. എന്നാൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. രൂപമാറ്റം വരുത്തിയ ജീപ്പിന് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല.
മാസ് സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തിക്കൊണ്ട് റീൽസ് രൂപത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ജീപ്പ് മലപ്പുറം സ്വദേശിയുടേത് ആണെന്നാണ് വിവരം. നേരത്തെയും നിയമ ലംഘനം നടത്തിയതിന് ഈ ജീപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതേ തുടർന്നാണ് നമ്പർ പ്ലേറ്റ് വയ്ക്കാതിരുന്നത് എന്നാണ് വിവരം.
അതേസമയം വീഡിയോ വൈറൽ ആയിട്ടും ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തിട്ടില്ല.
Discussion about this post