ന്യൂഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെ എം എം നേതാവ് ഹേമന്ദ് സോറന് ജാമ്യം അനുവദിച്ച ഝാർഖണ്ഡ് ഹൈക്കോടതി തീരുമാനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ജൂൺ 28നായിരുന്നു കോടതി സോറന് ജാമ്യം അനുവദിച്ചത്. തുടർന്ന് ജൂലൈ 4ന് സോറൻ വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ജനുവരി 31ന് ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു ജെ എം എം എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹേമന്ദ് സോറൻ മുഖ്യമന്ത്രി പദം രാജിവെച്ചത്. തന്റെ പദവി ദുരുപയോഗം ചെയ്ത് സംസ്ഥാന തലസ്ഥാനത്ത് 8.86 ഏക്കർ ഭൂമി സോറൻ അനധികൃതമായി സ്വന്തമാക്കിയതായി ഇഡി കണ്ടെത്തിയിരുന്നു.
സോറൻ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് കൂടുതൽ കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെന്ന് ഇഡി കോടതിയിൽ വാദിച്ചു. എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു.
സോറനെ നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് അനിവാര്യമായ അറസ്റ്റിലേക്ക് തങ്ങൾ നീങ്ങിയത് എന്നാണ് ഇഡിയുടെ നിലവിലെ വാദം. സോറനെതിരെ കർശനമായ നടപടി ആവശ്യമാണെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കാനാണ് ഇഡിയുടെ നീക്കം എന്നാണ് വിവരം.
Discussion about this post