ന്യൂഡൽഹി: കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്ത തീവ്രവാദികൾ വന്നത് അതിർത്തി കടന്നാണെന്ന് വെളിപ്പെടുത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും കൃത്യമായ തിരിച്ചടി തന്നെ നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതികരിച്ചു.
ഇന്നലെ 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ലഭ്യമായ വിവരം . ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും ആക്രമണത്തിൽ പങ്കെടുത്തു. ഒളിച്ചിരിക്കുന്ന ഭീകരർക്ക് വേണ്ടി പ്രദേശത്ത് വ്യാപകമായി തെരച്ചിൽ തുടരുകയാണ്.
സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
Discussion about this post