എറണാകുളം: റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ജീപ്പിൽ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു സംഭവത്തിൽ ഇടപെട്ടത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പൊതുസ്ഥലത്ത് ഉണ്ടാകാൻ പാടില്ലെന്ന് കോടതി പറഞ്ഞു. വ്‌ളോഗിംഗ് എന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല. അതിനാൽ കേസ് എടുക്കുമെന്നും കോടതി വ്യക്തമാക്കി.
ആകാശ് തില്ലങ്കേരിയും സംഘവും സഞ്ചരിച്ച വാഹനത്തിന്റെ ആർസി ബുക്ക് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലായിരുന്നു ആകാശ് തില്ലേങ്കേരിയും സുഹൃത്തുക്കളും ചേർന്ന് റോഡ് ഷോ നടത്തിയത്.
ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ റീൽസ് ആകാശ് തില്ലങ്കേരി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. റീൽസ് ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാൽ രൂക്ഷ വിമർശനം ഉയർന്നതോടെ നടപടികളിലേക്ക് കടക്കുകയായിരുന്നു.
Discussion about this post