ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഓപ്പണർ ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുൽ ദ്രാവിഡിന്റെ പിൻഗാമി ആയിട്ടാണ് ഗൗതം ഗംഭീർ എത്തുന്നത്. ‘അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ക്രിക്കറ്റിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികൾക്ക് അടുത്ത സാക്ഷ്യം വഹിച്ചിട്ടുള്ള ഗൗതം ഗംഭീറിനെ പുതിയ ഹെഡ് കോച്ച് ആയി സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷം’ എന്നാണ് ജയ് ഷാ തന്റെ എക്സ് കുറിപ്പിൽ വ്യക്തമാക്കിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി ചുമതല വഹിച്ചിരുന്ന ഗൗതം ഗംഭീർ തന്റെ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചുകൊണ്ട് കഴിഞ്ഞ സീസണിൽ ശ്രദ്ധേയനായിരുന്നു. ഈ നേട്ടത്തിനു ശേഷമാണ് ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി എത്തും എന്ന അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നത്. ഇന്ത്യയുടെ 2011 ഏകദിന ലോകകപ്പ് വിജയത്തിൽ മികച്ച സംഭാവന നൽകിയ താരം കൂടിയാണ് ഗൗതം ഗംഭീർ.
ടി20 ലോകകപ്പ് വിജയത്തിനു ശേഷമുള്ള ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗംഭീർ എത്തുമ്പോൾ ആരാധകരുടെ ഉയർന്ന പ്രതീക്ഷകളെ കൂടിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. 2024 ജൂലൈ മുതൽ 2027 ഡിസംബർ വരെയുള്ള മൂന്നര വർഷത്തേക്കാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിനെ നിയമിച്ചിട്ടുള്ളത്. 2025ൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി, ഡബ്ല്യുടിസി ടൂർണമെന്റ്, 2026ലെ ടി20 ലോകകപ്പ് എന്നിവയ്ക്കായി ഇന്ത്യൻ ടീമിന് മികച്ച രീതിയിൽ പരിശീലനം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണ് ഗൗതം ഗംഭീറിന് നിറവേറ്റാനുള്ളത്.
Discussion about this post