എറണാകുളം: പോലീസുകാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൂടുതൽ അവധി നൽകാൻ കൊച്ചി സിറ്റി പോലീസ്. വിവാഹ വാർഷിക ദിനത്തിലും ജന്മദിനത്തിലും പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകാനാണ് തീരുമാനം. വർദ്ധിച്ചുവരുന്ന ജോലിഭാരം ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സ്വന്തം വിവാഹ വാർഷികത്തിനും ജന്മദിനത്തിനും കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളിലുമാണ് അവധി ലഭിക്കുക. കുടുംബവുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ നിർബന്ധമായും അവധി അനുവദിക്കണമെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിശേഷ ദിവസങ്ങളിൽ അവധി നൽകണമെന്ന് വ്യക്തമാക്കി വകുപ്പിൽ നിന്നും തന്നെ നിരവധി തവണ സർക്കുലറുകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഈ ഉത്തരവ് പ്രാവർത്തികമാകുന്നില്ല. മാത്രമല്ല ഉദ്യോഗസ്ഥരുടെ അവധി നിഷേധിക്കുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത് വലിയ മനോവിഷമമാണ് ഉദ്യോഗസ്ഥരിൽ ഉണ്ടാക്കുന്നത്. അമിത ജോലിഭാരത്തെ തുടർന്ന് നിരവധി പേരാണ് പോലീസ് ജോലി ഉപേക്ഷിച്ചത്. ജോലി ഭാരം നൽകുന്ന മാനസിക സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 88 പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഏതാനും നാളുകളായി കൊച്ചി സിറ്റിയിൽ പോലീസുകാർക്ക് വലിയ ജോലിഭാരമാണ് ഉള്ളതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. ഇതേ തുടർന്ന് അവധിപോലും ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്. അവധി നിഷേധിക്കുന്നത് ഉദ്യോഗസ്ഥരുടെ തൊഴിൽ ക്ഷമതയെ ബാധിക്കുന്നു. സിറ്റി പരിധിയിലെ 27 പോലീസ് സ്‌റ്റേഷനുകളിലായി രണ്ടായിരത്തി അഞ്ഞൂറിലധികം ഉദ്യോഗസ്ഥരാണ് സേവനം അനുഷ്ടിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post