ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് കോച്ചായി മുൻ ഇന്ത്യൻ താരം സഹീർ ഖാൻ എത്തിയേക്കുമെന്ന് സൂചന. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരൻ ആയ സഹീർ ഖാനെ ബൗളിംഗ് കോച്ച് ആയി കൊണ്ടുവരാൻ ബിസിസിഐ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ സഹീർ ഖാന്റെയും ബിസിസിഐയുടെയും ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
610 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് സഹീർ ഖാൻ. 2011 ലോകകപ്പ് നേടിയ ടീമിലും പ്രധാന സാന്നിധ്യമായിരുന്നു സഹീർ. 2014 ലാണ് അദ്ദേഹം ഔദ്യോഗികമായി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചസി ആയ മുംബൈ ഇന്ത്യൻസിന്റെ കോച്ചിംഗ് ടീമിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു . നിലവിൽ പ്രോസ്പോർട്ട് ഫിറ്റ്നസ് ആൻഡ് സർവീസസ് എന്ന ഫിറ്റ്നസ് ആൻഡ് സ്പോർട്സ് കമ്പനിയുടെ സിഇഒ ആയി പ്രവർത്തിച്ചുവരികയാണ് സഹീർ ഖാൻ.
മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആയ വിനയ്കുമാർ ബൗളിംഗ് പരിശീലകസ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബിസിസിഐയുടെ പ്രഥമ പരിഗണനയിൽ സഹീർ ഖാനും ലക്ഷ്മിപതി ബാലാജിയും ആണ് ഉള്ളത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫീൽഡിങ് പരിശീലക സ്ഥാനത്തേക്ക് ജോണ്ടി റോഡ്സിനെ കൊണ്ടുവരാൻ കഴിയുമോ എന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
Discussion about this post