എറണാകുളം: ഐപിഎല്ലിന്റെ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആയി മോഹൻലാൽ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെസിഎല്ലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ മികച്ച പ്രതിഭകൾ കേരള ക്രിക്കറ്റിൽ ഉണ്ട്. അവർക്ക് ദേശീയ ശ്രദ്ധയും അതുവഴി അവസരങ്ങളും ഉണ്ടാകാൻ ഈ ലീഗിലൂടെ സാധിക്കും. കെസിഎല്ലിന്റെ ഭാഗമാകുമ്പോൾ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തത്. നിലവിൽ സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ ഐസിഎല്ലിന്റെ കേരള ടീം ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. മലയാളത്തിലെ സൂപ്പർതാരം തന്നെ ബ്രാൻഡ് അംബാസിഡർ ആകുന്ന പശ്ചാത്തലത്തിൽ കെസിഎല്ലിന് വലിയ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളി ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ ആണ് കെസിഎല്ലിന്റെ ഭാഗമായി രൂപീകരിക്കുന്നത്. 20 ഓവറുകൾ ഉള്ള ലീഗിന്റെ ആദ്യം മത്സരം സെപ്തംബറിൽ കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് സ്‌റ്റേഡിയത്തിൽ നടക്കും. പകലും രാത്രിയുമായി രണ്ട് മത്സരങ്ങൾ വീതം ആയിരിക്കും സംഘടിപ്പിയ്ക്കുക. ഇതിനിടെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ പ്രദർശന മത്സരവും ഉണ്ടാകും. വിജയികൾക്ക് 60 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ 19 വരെ തുടരും. ഇത് വിജയം കണ്ടാൽ വരും വർഷങ്ങളിൽ സമാന രീതിയിൽ വനിതകൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.












