തിരുവനന്തപുരം :തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. മാരായിമുട്ടം സ്വദേശിയായ ജോയിയെയാണ് കാണാതായത്. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ആമയിൽ തോട് വ്യത്തിയാക്കാനിറങ്ങിയപ്പോഴാണ് സംഭവം. കോർപറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി. ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്.
മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഇത് നീക്കം ചെയ്താൽ മാത്രമേ രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണ് ഫയർഫോഴ്‌സ് പറയുന്നത്. വേസ്റ്റും ദുർഗന്ധവും മൂലം 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് മുങ്ങൽ വിദഗ്ധർ പറഞ്ഞു.
രാവിലെ മുതൽ തന്നെ ഇവിടെ ശുചീകരണം നടന്നുവരികയായിരുന്നു. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടിൽ ഇറങ്ങിയത്. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കുന്നതിനിടെ പെട്ടെന്ന് തോട്ടിലെ വെള്ളം ഉയരുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ വെള്ളം ഉയരുന്നതുകൊണ്ട് കരയ്ക്ക് കയറി. ജോയിയോട് കയറാൻ പറഞ്ഞെങ്കിലും അപ്പുറത്തെ വശത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ വെള്ളം ഉയർന്നതോടെ തോട്ടിൽ വീണുപോകുകയായിരുന്നു.
Discussion about this post