ലക്‌നൗ :നിയമവിദ്യാർത്ഥികൾ പ്രാദേശിക ഭാഷകളും പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും നന്നായി അറിഞ്ഞിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് . സർവ്വകലാശാലകളിൽ പ്രാദേശിക നിയമങ്ങൾ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ മൂന്നാമത്തെ ബിരുദദാനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
‘സാധാരണക്കാർക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ അവരുടെ അവകാശങ്ങളും പദ്ധതികളും മനസ്സിലാക്കുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി കണ്ടെത്തി. കൂടാതെ നിയമസഹായ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷകളിൽ നിയമ നടപടിക്രമങ്ങൾ സാധാരണക്കാരോട് പറഞ്ഞ് വിശദീകരിക്കാൻ കഴിയുന്നില്ല ‘ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
താൻ ആരെയും കുറ്റപ്പെടുത്തുകയോ നിയമവിദ്യാഭ്യാസത്തിൽ നിന്ന് ഇംഗ്ലീഷ് ഒഴിവാക്കണമെന്നോ അല്ല നിർദേശിക്കുന്നത്. നിയമവിദ്യാഭ്യാസത്തിൽ പ്രാദേശിക ഭാഷകൾ കൂടി ചേർക്കണം എന്നുമാത്രമാണ് താൻ നിർദേശിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ നമ്മുടെ സർവ്വകലാശാലകളിലും പഠിപ്പിക്കണം. എന്നാൽ മാത്രമാണ് സാധാരണകാർക്ക് നിയമങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കുകയൊള്ളൂ. ഉയർന്ന കോടതികളിൽ ഇംഗ്ലീഷിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്. എന്നാൽ കേസുകൾ കേൾക്കുന്ന ആളുകൾക്ക് കോടതിയിൽ അവതരിപ്പിക്കുന്ന വാദങ്ങൾ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക നിയമ വ്യവസ്ഥകൾ നിയമവിദ്യാർത്ഥികൾ അറിഞ്ഞിരുന്നാൽ മാത്രമാണ് സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആശങ്കകളും യഥാർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കൂ.എന്നാൽ മാത്രമാണ് സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകരെ ഭാവിയിൽ സൃഷ്ടിക്കാൻ കഴിയൂ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Discussion about this post