സിലിഗുരി : രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലികൊടുത്തതിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. തന്റെ മകനെ ഇല്ലാതാക്കിയ ഭീകരർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിലാണ് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ ഉൾപ്പെടെ നാല് സൈനികരെ രാജ്യത്തിന് നഷ്ടമായത്.
” മകൻ വീരമൃത്യു വരിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. അവന് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണ്. കുട്ടിക്കാലത്ത് അവൻ എന്റെ യൂണിഫോമിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുക പതിവായിരുന്നു. എൻജിനീയറിംഗ് പഠനത്തിന് ശേഷവും സൈന്യത്തിൽ ചേരുകയെന്നതായിരുന്നു അവന്റെ ലക്ഷ്യം. തുടർന്ന് ആദ്യ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസായി ആർമിയിൽ ചേർന്നു. മകൻ ഈ രാജ്യത്തിനും അതിന്റെ സുരക്ഷയ്ക്കും വേണ്ടി ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. അവനെ ഇനിയൊരിക്കലും കാണാൻ സാധിക്കില്ല എന്നത് മാത്രമാണ് സങ്കടമുള്ള കാര്യം. അവൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ട്” അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ മകനെയോർത്ത് അഭിമാനിക്കുന്നുവെന്ന് ബ്രിജേഷ് ഥാപ്പയുടെ അമ്മ നിലിമ ഥാപ്പ പറഞ്ഞു. ”അവൻ ഇനി ഒരിക്കലും തിരികെ വരില്ല. സൈനികനായുളള ജീവിതം വളരെ കഷ്ടങ്ങൾ നിറഞ്ഞതാണെന്ന് ഞങ്ങൾ പറഞ്ഞിട്ടും അവനത് കാര്യമാക്കിയില്ല. സൈന്യത്തിൽ ചേരണമെന്നത് അവന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ശത്രുക്കൾക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കും ” എന്നും അമ്മ നിറകണ്ണുകളോടെ പറഞ്ഞു.
ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ നാല് സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, സിപോയ് ബിജേന്ദ്ര, സിപോയ് അജയ് നരുക എന്നിവരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ദോഡ ടൗണിൽ നിന്ന് 55 കിലോമീറ്റർ അകലെ ദേശ ഫോറസ്റ്റ് ബെൽറ്റിലെ ധാരി ഗോട്ടെ ഉരാർബാഗിയിൽ രാഷ്ട്രീയ റൈഫിൾസും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
വെടിവെയ്പ്പിന് ശേഷം ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അവരെ പിന്തുടരുകയായിരുന്നു. തുടർന്ന് രാത്രി 9 മണിയോടെ വനത്തിൽ മറ്റൊരു വെടിവെയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേർ പിന്നീട് വീരമൃത്യു വരിക്കുകയായിരുന്നു.
സുരക്ഷാ സേന ‘മുജാഹിദ്ദീന്’ വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായതെന്ന് ‘കശ്മീർ ടൈഗേഴ്സ്’ ഒരു പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 9ന് കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ‘കശ്മീർ ടൈഗേഴ്സ്’ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post