മസ്‌ക്കറ്റ്: ഒമാനിലെ മസ്ജിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. മസ്‌ക്കറ്റിലെ ഷിയാ മസ്ജിദ് ആയ ഇമാം അലി മസ്ജിദിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരർ മസ്ജിദിൽ എത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ മസ്ജിദിൽ എത്തിയവർ ഓടിരക്ഷപ്പെട്ടു. ഇതിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിന് തൊട്ട് പിന്നാലെ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വരികയായിരുന്നു.
കൊല്ലപ്പെട്ടവരിൽ നാല് പേർ പാകിസ്താനികളാണ്. ഇവർക്ക് പുറമേ ഒരു പോലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം മസ്‌കറ്റിലെ ഇന്ത്യൻ എംബസിയാണ് സ്ഥിരീകരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും എംബസി വ്യക്തമാക്കി.
Discussion about this post