മുംബൈ: വ്യത്യസ്തമായ സൈക്കിളുകൾ രൂപകൽപ്പന ചെയ്ത് സോഷ്യൽമീഡിയയിൽ ശ്രദ്ധയേറ്റുവാങ്ങിയ സുധീർ ഭാവെക്ക് എന്ന വയോധികന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര. വയോധികന്റെ സർഗ്ഗാത്മകതയ്ക്കും ഊർജ്ജസ്വലതയ്ക്കുമാണ് ആനന്ദ് മഹീന്ദ്രയുടെ നിറഞ്ഞ കയ്യടി. അഭിനന്ദനങ്ങൾക്കൊപ്പം, പരീക്ഷണങ്ങൾ’ക്കായി ഗുജറാത്തിലെ വഡോദരയിലെ മഹീന്ദ്ര വർക്ക്‌ഷോപ്പ് ഉപയോഗിക്കാനുള്ള അവസരവും ആനന്ദ് മഹീന്ദ്ര, ഭാവെയ്ക്ക് വാഗ്ദാനം ചെയ്തു.
വിരമിച്ച മെക്കാനിക്കൽ എഞ്ചിനീയറാണ് സുധീർ ഭാവെ. നിരവധി സൈക്കിൾ ഡിസൈനുകളാണ് അദ്ദേഹം തന്റെ റിട്ടയർമെന്റിന് ശേഷം ഉണ്ടാക്കിയത്. വ്യായാമത്തിന് ഉതകുന്ന രീതിയിലുള്ളവയാണ് ഇതിലധികവും. ഇലക്ട്രിക് സൈക്കിളടക്കം സുധീർ ഭാവെനിർമ്മിച്ചു കഴിഞ്ഞു. സ്വന്തമായി വർക്ക് ഷോപ്പ് ഇല്ലാത്തതിനാൽ മറ്റ് വർക്ഷോപ്പുകളിൽ വച്ചാണ് സൈക്കിൾ നിർമ്മാണം. സുധീർ ഭാവെയുടെ വീഡിയോ എക്‌സിൽ പങ്കു വച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം.
‘സുധീർ ഭാവെയുടെ അദമ്യമായ സർഗ്ഗാത്മകതയ്ക്കും ഊർജത്തിനും മുന്നിൽ ഞാൻ നമിക്കുന്നു. ഇന്ത്യയിൽ കണ്ടുപിടുത്തവും സ്റ്റാർട്ടപ്പ് ഡിഎൻഎയും യുവാക്കളുടെ മാത്രം അവകാശമല്ലെന്ന് സുധീർ തെളിയിച്ചു. നിങ്ങളുടെ പരീക്ഷണങ്ങൾക്കായി ഞങ്ങളുടെ വഡോദര ഫാക്ടറിയുടെ വർക്ക്‌ഷോപ്പ് ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ അറിയിക്കുക. ഇല്ല സുധീർ, നീ റിട്ടയർ ചെയ്തിട്ടില്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സജീവവും നൂതനവുമായ കാലഘട്ടത്തിലാണ് നിങ്ങൾ,’ മഹീന്ദ്ര തന്റെ പോസ്റ്റിൽ പറഞ്ഞു.
Discussion about this post