പത്തനംതിട്ട: ജില്ലയിൽ മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശവും. ഫേസ്ബുക്ക് പേജിലൂടെയും നേരിട്ടുമായാണ് സന്ദേശങ്ങൾ എത്തുന്നത്. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളാണ കളക്ടറേറ്റിലേക്കും പേഴ്‌സണൽ നമ്പറിലേയ്ക്കും വന്നതെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഇതിൽ ഉൾപ്പെട്ടിട്ടുള്ള രക്ഷിതാക്കളെയും കുട്ടികളെയും കളക്ടർ വിളിച്ചു വരുത്തി. ഒഫീഷ്യൽ പേജുകളിലൂടെ മാത്രമല്ല, പേഴ്‌സണൽ പേജുകളും ഫോൺ നമ്പറുകളും വരെ തപ്പിപ്പിടിച്ചാണ് ആളുകൾ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. പല സന്ദേശങ്ങളും തമാശയാണ്. കളക്ടർ രാജി വയ്ക്കണമെന്നും കളക്ടർ ആവാനാണ് ആഗ്രഹം, വെള്ളത്തിൽ മുങ്ങി പോയാൽ ആ ആഗ്രഹം നടക്കില്ലെന്നും ഉൾപ്പെടെയുള്ള മെസേജുകളും കമന്റുകളും വന്നിട്ടുണ്ട്.
എന്നാൽ, ഇവയിൽ ഗൗരവത്തിലെടുക്കേണ്ടവയുമുണ്ട്. അവധി തന്നില്ലെങ്കിൽ സകൂളിൽ പോവില്ല, തന്റെ അവസാന ദിവസമായിരിക്കും, കളക്ടർ ആയിരിക്കും അതിന് ഉത്തരവാദി, എന്നിവയുൾപ്പെടെയുള്ള മെസേജുകൾ വന്നിട്ടുണ്ട്. സഭ്യമല്ലാത്ത തരത്തിലുള്ള മെസേജുകളും വന്നിട്ടുണ്ട്. അവയുടെ ഉടമകളെ സൈബർ സെല്ല് വഴി കണ്ടെത്തി. എന്നാൽ, ഇവരിൽ പലരും കൊച്ചു കുട്ടികളാണെന്ന് മനസിലാക്കിയപ്പോഴാണ് അവരുടെ മാതാപിതാക്ക്െ വിളിച്ച് വരുത്തിയത്. പല രക്ഷിതാക്കളും മക്കൾ ഇത്തരത്തിൽ ചെയ്തതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. കാര്യങ്ങൾ രക്ഷിതാക്കളോടും കുട്ടികളോടും പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തിച്ചാൽ, ഇനിയും ഇതുപോലെയും രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ചുവരുത്തും. ഒരു കളക്ടർ അവധി പ്രഖ്യാപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ട്. അത് അവരെ പറഞ്ഞ് മനസിലാക്കും. എല്ലാ കളക്ടർമാരും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കാര്യങ്ങളറിയാതെ ഇങ്ങനെ ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post