സിഡ്‌നി: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ അനുഭവപ്പെടുന്ന വാർത്ത സൈബർ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂട്ടർ ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ചെയ്യപ്പെടുന്നു.ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുകെ, മറ്റ് രാജ്യങ്ങൾ എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഐടി സംവിധാനങ്ങളെ തകരാർ ബാധിച്ചു.
ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഉപയോക്താക്കൾ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) തകരാർ നേരിടുന്നു. പലരും തങ്ങളുടെ ലാപ്‌ടോപ്പുകളോ പിസികളോ റീസ്റ്റാർട്ട് ലൂപ്പിൽ കുടുങ്ങിയതായി എക്‌സിൽ പ്രശ്‌നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് പ്രശ്‌ന പരിഹാരത്തിനായുള്ള നിർദേശവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിൻഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിൻഡോസ് റിക്കവറി എൻവയൺമെന്റിലേക്കോ ബൂട്ട് ചെയ്യുക. C:\Windows\System32\drivers\CrowdtSrike തിരഞ്ഞെടുക്കുക C00000291*.ssy എന്ന ഫയൽ കണ്ടെത്തി ഡിലീറ്റ് ചെയ്യുക. സാധാരണ രീതിയിൽ ബൂട്ട് ചെയ്യുക.ഇത് സ്വയം ചെയ്യാനാകാത്തവർ സാങ്കേതിക വിദഗ്ധന്റെ സഹായം തേടുക.
അതേസമയം ഇന്ത്യയിൽ, വിമാനത്താവളങ്ങളിൽ ഉടനീളം പ്രവർത്തനങ്ങൾ താളം തെറ്റി. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്ഇൻ സേവനങ്ങളും തടസ്സപ്പെട്ടു. യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങൾ (911) തടസ്സപ്പെട്ടു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് എയർലൈനുകൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ടുണ്ട്. തങ്ങൾക്ക് സംപ്രേക്ഷണം ചെയ്യാൻ കഴിയുന്നില്ലെന്ന് ബ്രിട്ടണിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളിലൊന്നായ സ്‌കൈ ന്യൂസ് അറിയിച്ചു.
Discussion about this post